Solidarity Youth Spring 3

Sapthama Sree Thaskara:

പണ്ട് ചില മുത്തശ്ശിക്കഥകള്‍ അങ്ങനെ കേട്ടിട്ടുണ്ട്. രാക്ഷസനെ പിടിക്കാന്‍ പോകുന്ന രാജകുമാരന്‍, അല്ലെങ്കില്‍ കടുവയെ പിടിക്കാന്‍ പോകുന്ന കിടുവ. പോകുന്ന പോക്കില്‍ ചിലരൊക്കെ ഒപ്പം കൂടും. അല്ലെങ്കില്‍ ചില സാധനങ്ങള്‍ കിട്ടും. അത് രാക്ഷസന്റെയോ കടുവയുടെയോ താവളം ഭേദിച്ച് അവനെ കീഴ്‌പ്പെടുത്താന്‍ പ്രയോജനപ്പെടുന്ന ആരെങ്കിലുമോ എന്തെങ്കിലുമോ ആയിരിക്കുകയും ചെയ്യും. വളരെ കൃത്യമായി, കഥയില്‍ ഉപയോഗപ്പെടുന്നതു മാത്രം. അതാകട്ടെ ശത്രുവിനെയോ താവളത്തെയോ മനസ്സിലാക്കി കീഴ്‌പ്പെടുത്താന്‍ നായകന്‍ ആസൂത്രണം ചെയ്യുന്ന ഒന്നുമായിരിക്കില്ല. അതങ്ങനെയാണ്, അത്ര തന്നെ.

ഇതു പോലെയാണ് ജയിലില്‍ ഏഴു പേര്‍ ഒരുമിച്ചു ചേര്‍ന്നത്. ഒളി കാമറ വെക്കുന്നവന്‍, പൂട്ടു പൊളിക്കുന്നവന്‍, ഇടയ്ക്ക് സത്യങ്ങള്‍ വിളിച്ചു പറയുന്ന ഭ്രാന്തന്‍, തല്ലാനും ഓടാനും കഴിയുന്നവന്‍, പെട്ടി ഓട്ടോയും തോട്ടിപ്പണിയുമെടുക്കുന്നവന്‍, ശത്രുവിന്റെ താവളത്തില്‍ പ്രവേശനം ലഭിക്കുന്നവന്‍, പിന്നെ പുറത്തു നിന്നു വന്നു ചേര്‍ന്ന (ഏഴില്‍പ്പെടാത്ത) സര്‍ക്കസ്സുകാരി (ദോഷം പറയരുതല്ലോ, സര്‍ക്കസ്സുകാരിയെ മാത്രം പ്ലാന്‍ ചെയ്ത് കൂടെക്കൂട്ടിയതാണ്) പിന്നെ പ്രത്യേകിച്ചൊരു കഴിവുമില്ലാത്ത സൂപ്പര്‍ സ്റ്റാര്‍ നായകന്‍ അഥവാ രാജകുമാരന്‍. പിന്നെയൊരു കളിയാണ് മോനേ.., ഇവര്‍ വിചാരിക്കുന്നതു പോലെ ശത്രുക്കള്‍ പെരുമാറിക്കളയും. ഒരുത്തന്‍ രഹസ്യത്താക്കോലു വെച്ച വലിപ്പ് പൂട്ടാതെ അഭ്യാസപ്രകടനത്തിനു പോകുന്നു, മറ്റൊരുത്തന്‍ വണ്ടി ലോക്കു ചെയ്യാതെ ഇറങ്ങിയോടുന്നു... അങ്ങനെയങ്ങനെ.

ഓഷ്യന്‍സ് ഇലവന്‍ എന്ന ഹോളിവുഡ് സിനിമ മലയാളത്തിലെത്തിയപ്പോള്‍ ഓഷ്യന്‍സ് സെവന്‍ ആയി മാറി. ഫുട്‌ബോളില്‍ ലെവന്‍സിനു പകരം സെവന്‍സ് കളിക്കുന്നതു പോലെ. നോര്‍ത്ത് 24 കാതം എന്ന നല്ലത് എന്ന് സംശയിക്കാതെ പറയാവുന്ന സിനിമ മലയാളത്തിനു സമ്മാനിച്ച അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ ഇപ്പോള്‍ മലയാളി സിനിമാ പ്രേക്ഷകന്റെ സംവേദനക്ഷമതയെ ക്രൂരമയായി പരിഹസിക്കാനിറങ്ങിയിരിക്കുന്നു.

അനിലിന്റെ സിനിമയായതിനാല്‍ കാണണം എന്ന നിശ്ചയത്തോടെ കോഴിക്കോട് കൈരളിയില്‍ രണ്ടു തവണ പോയി ടിക്കറ്റ് കിട്ടാതെ തിരിച്ചു വന്നു. പിന്നെ റിസര്‍വ്വു ചെയ്യാന്‍ പോയപ്പോള്‍ നൂറു മീറ്റര്‍ നീളത്തില്‍ റിസര്‍വ്വേഷന്‍ കൌണ്ടറില്‍ ക്യൂ. എന്നാപ്പിന്നെ കണ്ടിട്ടേയുള്ളൂ എന്നു കരുതിയിട്ടാ ആര്‍.പി മാളിലെ മള്‍ട്ടിപ്ലക്‌സ് കത്തിക്ക് തല വെച്ചു കൊടുത്തത്. വരാനുള്ളതൊന്നും വഴീത്തങ്ങില്ലെന്നു ബോധ്യായി. സന്തോഷായി.

Tag: 

Back to Top