Solidarity Youth Spring 3

Dayom Panthrandum ദായോം പന്ത്രണ്ടും, നിലപാടുകളുള്ള രാഷ്ട്രീയ സിനിമ

അവര്‍ രണ്ടു വഴികളില്‍ യാത്ര ചെയ്‌തെത്തിയവരാണ്. ബോസും കൂട്ടുകാരും ഒരു ബൈക്കിലും കാറിലുമായി ഒരു വഴിക്ക്. മുത്തോരന്‍ എന്ന ആദിവാസി മറ്റൊരു വഴിക്ക്. എവിടെയോ അവരുടെ വഴികള്‍ ഒന്നായിത്തീര്‍ന്നു. സ്വന്തം കുടുംബത്തെത്തേടി നടന്ന മുത്തോരന്റെ അന്വേഷണം ഏറ്റെടുക്കാനുള്ള തന്റെ തീരുമാനത്തിന് ബോസ് സുഹൃത്തുക്കളുടെ അംഗീകാരം വാങ്ങുമ്പോള്‍, അപ്പൊ നമ്മുടെ സിനിമയോ എന്ന് സംശയിച്ച കൂട്ടുകാരനോട് അയാള്‍ പറഞ്ഞു, അതു തന്നെയാണ് സാറേ നമ്മുടെ സിനിമ.

അതെ, അതു തന്നെയാണ് ഹര്‍ഷദിന്റെ സിനിമ. മുത്തോരന്റെ സിനിമയാണത്. മുത്തോരന്റെ കഥയില്‍ താരത്തിളക്കത്തിന് യാതൊരു പ്രസക്തിയുമില്ല. താരങ്ങള്‍ അപ്രസക്തമായിത്തീരുന്ന സന്ദര്‍ഭങ്ങളെ, പക്ഷേ നമ്മുടെ മുഖ്യധാരാ സിനിമാ വ്യവസായം അംഗീകരിക്കുകയുമില്ല. നമ്മുടെ ചുറ്റിലും ജീവിക്കുന്ന സാധാരണ ചെറുപ്പക്കാരാണ് ബോസും സൂഫിയും റെഡും ഓസ്‌കാറും ചാറ്റര്‍ജിയുമൊക്കെ (അബു, അഖില്‍, ലുക്മാന്‍, മനീഷ് ആചാര്യ, ഷിന്റോ സ്റ്റാന്‍ലി). ചെത്തിമിനുക്കിയ താരമുഖങ്ങളൊന്നും അവര്‍ക്കു ചേരില്ല. അവരൊരു യാത്രയിലാണ്. ആ യാത്രയാണ് ഹര്‍ഷദിന്റെ സിനിമയായിത്തീര്‍ന്നത്. ഒരു പക്ഷേ മുത്തോരനാണ് (ഉക്രു ഡി പോഷിണി) സിനിമയിലെ നായകനെങ്കിലും നമ്മള്‍ യാത്ര ചെയ്യുന്നത് ബോസിനും കൂട്ടുകാര്‍ക്കുമൊപ്പമാണ്. ആ യാത്ര നമ്മുടെ തന്നെ യാത്രയുമാണ്.

ദായോം പന്ത്രണ്ടും (Dice and Twelve) എന്നത് ഒരു കളിയാണ്. ദായം കളി പരിചയമില്ലാത്ത നാടുകള്‍ കേരളത്തിലുണ്ടാവാന്‍ വഴിയില്ല. ഭാഗ്യം കൊണ്ടുള്ള കളിയായ ദായത്തിന്റെ ഗതി പ്രവചനാതീതമാണ്. അപ്രതീക്ഷിതമായത് പ്രതീക്ഷിച്ചേ പറ്റൂ. ഇത് ജീവിതത്തിന്റെ തന്നെ ഒരു തത്വമായി വികാസം പ്രാപിക്കുന്നേടത്ത് ദായോം പന്ത്രണ്ടും എന്ന സിനിമ ജനിക്കുന്നു. എഴുതിത്തയ്യാറാക്കിയ സ്‌ക്രിപ്‌റ്റോ പദ്ധതികളോ ഇല്ലാതെ ഒരു കാമറയും തോളിലേന്തി, ഒരു സിനിമ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ കൂട്ടുകാര്‍ യാത്ര ചെയ്യുന്നു. ബോസ് ബൈക്കിലും മറ്റു നാലുപേര്‍ ഒരു കാറിലും. ബൈക്കിന്റെ പിന്‍സീറ്റില്‍ ചിലപ്പോള്‍ ചിലര്‍ പ്രത്യക്ഷപ്പെടും. അങ്ങനെ മൂന്നു പേരെയാണ് നമ്മള്‍ കാണുന്നത്. ഒരാളെ വഴിയിലിറക്കിവിട്ട് ബോസ് രക്ഷപ്പെട്ടു. മറ്റൊരാളെ ഇറങ്ങേണ്ടിടത്ത് ഇറക്കിക്കൊടുത്തു. മൂന്നാമതായാണ് മുത്തോരനെ നമ്മള്‍ കാണുന്നത്.

നഗരത്തിലൂടെയുള്ള യാത്രയില്‍ അതീവ ദുര്‍ബ്ബലനും അനാരോഗ്യവാനുമായി കാണപ്പെട്ട, ഇടയ്ക്കിടയ്ക്ക് ബോധം കെടുന്ന മുത്തോരന്‍ കൂട്ടുകാര്‍ക്ക് വലിയ തലവേദനയായി. ഇടയ്ക്ക് റെഡുമായി തെറ്റിപ്പിരിയാന്‍ തന്നെ അത് നിമിത്തമായിത്തീര്‍ന്നു. കാറുമായി റെഡ് തിരിച്ചുപോയി. ബൈക്കില്‍ കാമറയുമായി മുത്തോരനൊപ്പം ബോസ്. മറ്റു കൂട്ടുകാര്‍ വേറെയും. ജയിലില്‍ നിന്നിറങ്ങിയതാണ് മുത്തോരന്‍. എന്നാല്‍ എന്തിനാണ് അയാള്‍ ജയിലിലടയ്ക്കപ്പെട്ടത്? എന്തായിരുന്നു അയാളുടെ കുറ്റം? അതയാള്‍ക്കു തന്നെ അറിയില്ലായിരുന്നു. ഒരു പക്ഷേ അയാള്‍ കുറ്റമൊന്നും ചെയ്തില്ലായിരിക്കാം. അങ്ങനെയും ജയിലില്‍ക്കിടക്കാം എന്നതാണല്ലോ നമ്മുടെ വ്യവസ്ഥിതിയുടെ തന്നെ പ്രത്യേകത. അയാള്‍ ജയിലിലായിരിക്കേ, ചെങ്ങറ സമരത്തില്‍ പങ്കെടുത്ത കുടുംബം പിന്നീടെവിടെയാണ് താമസമാക്കിയതെന്നറിയില്ല. മണ്ണിന്റെ ആദിമാവകാശികളെ പരിഷ്‌കൃതമായ ഒരു സമൂഹം പരിചരിച്ചത് ഇങ്ങനെയൊക്കെത്തന്നെയായിരുന്നല്ലോ. ആ പ്രശ്‌നമൊക്കെ അന്നേ പരിഹരിച്ചതല്ലേ എന്ന് ചാറ്റര്‍ജിയുടെ സംശയം. വടക്കെങ്ങോ ഒരു മൊട്ടക്കുന്നില്‍ അവരെ പുനരധിവസിപ്പിച്ചു എന്നത് നേര്. എന്നാല്‍ അവരവിടെ എന്തു ചെയ്യാനാണ്. പാര്‍ക്കാനൊരിടമല്ല, അതിജീവനത്തിനുള്ള മണ്ണാണ് അവര്‍ക്കു വേണ്ടിയിരുന്നത്. കാട്ടിലേക്കു പ്രവേശിച്ചതോടെ അതുവരെ ദുര്‍ബ്ബലനായി കാണപ്പെട്ടിരുന്ന മുത്തോരന്‍ ഉണര്‍വ്വിലേക്കുയരുന്നുണ്ട്. പിന്നെ, അയാളുടെ ബോധം മറയുന്നില്ല. എന്തൊക്കെ ചെയ്യണം, ഏതു വഴി പോകണം എന്നെല്ലാം അയാള്‍ക്കറിയാം.

ചിത്രത്തിന്റെ അവസാനത്തില്‍ ബോസും മുത്തോരനും കണ്ടെത്തുന്നത് അവരന്വേഷിച്ചതു തന്നെയാണോ? ഒരു പക്ഷേ ആയിരിക്കാം. ആണെന്നോ അല്ലെന്നോ സിനിമ പറയുന്നില്ല. എന്നാല്‍. തന്റെ സിനിമയ്ക്ക് അങ്ങനെയൊരു ക്ലൈമാക്‌സ് ബോസ് പ്രതീക്ഷിച്ചിരുന്നില്ലെന്നു തോന്നുന്നു. അതിനാല്‍ത്തന്നെ അതിന്റെ വിഷ്വലുകള്‍ അയാളുടെ കാമറയില്‍ പതിഞ്ഞില്ല. തന്നെത്തന്നെ മറന്നു പോരാടിയ ബോസ് അവസാനം കൂട്ടുകാരുടെ ആശ്വസിപ്പിക്കലുകള്‍ക്കിടയില്‍ പറഞ്ഞ കാര്യവുമതു തന്നെ. താനഭിമുഖീകരിച്ച നടുക്കമുണ്ടാക്കുന്ന അനുഭവത്തെക്കുറിച്ചല്ല അയാള്‍ സങ്കടപ്പെട്ടത്. അതിന്റെ വിഷ്വലുകള്‍ കിട്ടിയില്ലല്ലോ എന്നാണ്.

ഹര്‍ഷദിന്റെ സിനിമ നിലപാടുകളുള്ള ഒരു രാഷ്ട്രീയസിനിമ തന്നെയാണ്. എന്നാല്‍, അത് ഒരു കേവല സദുദ്ദേശ്യ സിനിമയോ മുദ്രാവാക്യ സിനിമയോ അല്ല താനും. തികഞ്ഞ സാമൂഹികബോധത്തോടു കൂടി സോദ്ദേശ്യകമായിത്തന്നെ അദ്ദേഹം കാമറ ചലിപ്പിക്കുന്നു. ബോസിന്റെയും കൂട്ടുകാരുടെയും യാത്രയിലൂടെത്തന്നെ വികാസം പ്രാപിക്കുന്ന ദായോം പന്ത്രണ്ടും പൂര്‍ണമായും ഒരു റോഡ് സിനിമയാണ്. എന്നാല്‍ അതിസൂക്ഷ്മമായി ആധുനികമനുഷ്യന്‍ സൃഷ്ടിക്കുന്നതും നേരിടുന്നതുമായ സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളെയും സ്വത്വ പ്രതിസന്ധികളെയും അത് അഭിമുഖീകരിക്കുന്നു. ഒരു ആദിവാസിപ്പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്ന ചെറുപ്പക്കാര്‍ അതു കണ്ട് ഓടിവരുന്ന മറ്റൊരാദിവാസിയെ കാക്കയെ ആട്ടുന്നതു പോലെ ഓടിക്കാനാണ് ആദ്യം ശ്രമിക്കുന്നത്. ഒരു വലിയ ചരിത്രത്തിനും സംസ്‌കാരത്തിനും നമ്മള്‍ നല്‍കുന്ന പരിഗണന അവിടെ പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നുണ്ട്. ഇങ്ങനെയുള്ള ചില സൂക്ഷ്മസന്ദര്‍ഭങ്ങള്‍ ചിത്രത്തെ പ്രത്യേകം ശ്രദ്ധേയമാക്കുന്നു.

ഹര്‍ഷദിന്റെ പരിശ്രമത്തെ അഭിനന്ദിക്കുന്നു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവരും ഇതിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടി തങ്ങളുടെ എല്ലാ ശേഷികളെയും ഉപയോഗപ്പെടുത്തി. കണ്ണന്‍ പട്ടേരിയുടെ ദൃശ്യങ്ങളും രാജേഷ് രവിയുടെ സംയോജനവുമെല്ലാം നന്നായിട്ടുണ്ടെന്നു പറയാം. ബൈജു ധര്‍മജന്റെ സംഗീതവും നന്ന്. വളരെയേറെ പ്രയാസങ്ങള്‍ സഹിച്ചാണ് ഹര്‍ഷദ് തന്റെ മനസ്സിലുണ്ടായിരുന്ന സിനിമയെ അതേപടി ആവിഷ്‌കരിച്ചത്. പണക്കൊഴുപ്പും താരാധിപത്യവും ഇപ്പോഴും അരങ്ങു വാഴുന്നു മലയാള സിനിമയില്‍ എന്നാണ് ദായോം പന്ത്രണ്ടും എന്ന സിനിമയ്ക്കുണ്ടായ അനുഭവങ്ങള്‍ തെളിയിക്കുന്നത്. കച്ചവടലക്ഷ്യങ്ങള്‍ ഒന്നുമില്ലാതെ വ്യത്യസ്തമായ പടങ്ങളും പരീക്ഷണച്ചിത്രങ്ങളുമൊക്കെ ഒരാഴ്ചയെങ്കിലും പ്രദര്‍ശിപ്പിക്കപ്പെടണമെന്ന ഉദ്ദേശ്യത്തിലാണ് കേരള സര്‍ക്കാര്‍ സംസ്ഥാന ചലച്ചിത്രവികസന കോര്‍പറേഷന്റെ തിയേറ്ററുകള്‍ നിര്‍മിച്ചത്. എന്നാല്‍ ഇന്‍ഡസ്ട്രി എന്നതിനപ്പുറം സിനിമ എന്ന കലയെപ്പറ്റി ചുക്കോ ചുണ്ണാമ്പോ അറിയാത്തവരും ലാഭതാര്‍പര്യം മാത്രമുള്ളവരും കൈകാര്യം ചെയ്തു തുടങ്ങിയതോടെ അവിടെയും അര്‍ഹതയുള്ളവര്‍ പടിക്കു പുറത്തായി. ഹര്‍ഷദ് തന്നെ തന്റെ ഒരു ഫേസ് ബുക് പോസ്റ്റില്‍ പറഞ്ഞതു പോലെ താരങ്ങളില്ലാത്ത സിനിമ എന്നത് ഒരു അശ്ലീലമായി മാറി.

എന്തായാലും ഹര്‍ഷദ് പരാജയപ്പെടാന്‍ ഒരുക്കമല്ല. സുഹൃത്തുക്കളുടെയും നല്ല ആവിഷ്‌കാരങ്ങളെയും സിനിമയെയും പ്രോല്‍സാഹിപ്പിക്കുന്ന സംഘങ്ങളുടെയും സഹായത്തോടെ ആ ചെറുപ്പക്കാരന്‍ തന്റെ സിനിമയുമായി ജനങ്ങളിലേക്കിറങ്ങിവരികയാണ്. മലയാള സര്‍വകലാശാലയുടെ ചലച്ചിത്രമേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കപ്പെട്ടെങ്കിലും പൊതുജനങ്ങള്‍ക്കായി സിനിമയുടെ ആദ്യപ്രദര്‍ശനം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ ഇരുപത്തഞ്ചാം തീയതി ശനിയാഴ്ച വൈകി്ട്ട് നടക്കുകയാണ്. സോളിഡാരിറ്റി യൂത് സ്പ്രിങ് ഫിലിം ഫെസ്റ്റിവല്‍ കൂട്ടായ്മയാണ് പ്രിമിയര്‍ സ്‌ക്രീനിങ് സംഘടിപ്പിക്കുന്നത്. സിനിമ കാണാനും അതിന്റെ ശില്‍പികളും അഭിനേതാക്കളുമായി നേരില്‍ സംവദിക്കാനുമുള്ള അവസരം ഉപയോഗപ്പെടുത്തണമെന്നും ഈ സമയത്ത് എല്ലാവരെയും ഉണര്‍ത്തുകയാണ്. ഹര്‍ഷദിനും കൂട്ടുകാര്‍ക്കും അഭിവാദ്യങ്ങള്‍ നേരുന്നു.

Dayom Panthrandum (Dice and Twelve) is the name of a game played in the rural and coastal regions of Kerala. The film shares several characteristics with the game such as its unpredictability, adventure, thrill… all rolled into one. The film is about a group of youngsters who set out on a mission. They travel far and wide. While four of them are in a car, the ‘Boss’ of the group is on a bike, alone, as if expecting a pillion rider at any moment. They meet a tribal man who falls in their focus as well as their camera’s.  The new entrant guides them to new twists and turns. He guides them from the ease and comfort of film making to the harshness of reality which the forest unfolds.

Tag: 

Back to Top