Solidarity Youth Spring 3

വാട്ടര്‍മാര്‍ക്

കടലിലെ കാണാ അതിരുകളില്‍ ബുള്ളറ്റുകളാല്‍ ജീവിതം ചവച്ചുതുപ്പിയ ഒരു ജനതയുടെ കഥയാണ് ‘വാട്ടര്‍മാര്‍ക്’ എന്ന ചിത്രം. ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ വെടിയേറ്റുവീഴുന്ന തമിഴ് മത്സ്യത്തൊഴിലാളിയുടെ കദനകഥ.
ശ്രീമിത് സംവിധാനം ചെയ്ത ഈ ഡോക്യുമെന്‍ററി ചിത്രം സ്വന്തം ഭരണകൂടവും അയല്‍രാജ്യവും ജീവിക്കാനനുവദിക്കാത്ത തമിഴ്നാട്ടിലെ രാമേശ്വരം എന്ന ദേശത്തെയാണ് ഉയര്‍ത്തിക്കാട്ടുന്നത്.
‘ഏഴ് ഉണ്ടകളാണ് അവന്‍െറ ശരീരത്തില്‍നിന്ന് പുറത്തെടുത്തത്. നഷ്ടപരിഹാരമായി രണ്ടു ലക്ഷം കിട്ടും അഞ്ചു ലക്ഷം കിട്ടും എന്നൊക്കെ പറയുന്നു. പക്ഷേ, നഷ്ടപ്പെട്ട ജീവന്‍ നിങ്ങള്‍ക്ക് തിരിച്ചുതരാന്‍ പറ്റുമോ...?
അമ്മമാരുയര്‍ത്തുന്ന ചോദ്യങ്ങളോടെയാണ് ചിത്രത്തിന്‍െറ തുടക്കം. ശ്രീലങ്കന്‍ നാവികസേനയുടെ വെടിയേറ്റ് മരിച്ച തമിഴ് മത്സ്യത്തൊഴിലാളികളുടെ എണ്ണം 2000 കവിയും. അതിലേറെ പേരെ സൈന്യം തടഞ്ഞുവെക്കുകയും പിടിച്ചുകൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.
‘ശ്രീലങ്കന്‍ നാവികസേനയുടെ പിടിയിലകപ്പെട്ടാല്‍ പിന്നെ കൊടും ക്രൂരതകളാണ്. കടുപ്പം കുറഞ്ഞ ശിക്ഷയാണെങ്കില്‍ നിര്‍ബന്ധിച്ച് ഉപ്പുതീറ്റിക്കും, കത്തികൊണ്ടും തോക്കുകൊണ്ടും കുത്തും, പിടിച്ച മീനുകള്‍കൂടി അവര്‍ കൊണ്ടുപോകും.’ തമിഴ് മത്സ്യത്തൊഴിലാളിയുടെ ഈ വാക്കുകളില്‍ ചോരപൊടിയും.
ശ്രീലങ്കന്‍ തൊഴിലാളികളും തമിഴരും തമ്മിലെ സൗഹൃദത്തിന്‍െറ കഥ കൂടി ഈ സിനിമ പറയുന്നുണ്ട്. ഭക്ഷണം പങ്കുവെച്ചും പിടിച്ച മീനുകള്‍ കൈമാറിയും കഴിഞ്ഞുവന്ന പഴയകാലത്തിന്‍െറ കഥ. ഇത്തരം സൗഹൃദങ്ങള്‍ സമുദ്രത്തിന്‍െറ അകലങ്ങളില്‍ ഇപ്പോഴും പൂത്തുലയുന്നുണ്ട്. പക്ഷേ, സൈന്യത്തിന്‍െറ കണ്ണില്‍പ്പെടുംവരെ മാത്രമേ അതിനായുസ്സുള്ളൂ.

കച്ചത്തീവ്
പാക് സ്ട്രെയ്റ്റ്സിലെ അനേകം ചെറുദ്വീപുകളിലൊന്നാണ് കച്ചത്തീവ്. രാമേശ്വരത്തുനിന്ന് 10 കി.മീറ്ററും ശ്രീലങ്കയിലെ ഡെല്‍ഫ്റ്റ് ഐലന്‍ഡില്‍നിന്ന് ഒമ്പതു കി.മീറ്ററും അകലത്തില്‍ കിടക്കുന്ന ദ്വീപിന്‍െറ വിസ്തീര്‍ണം 285 ഏക്കറാണ്.തരിശുനിലം. കുടിവെള്ളമില്ല. സ്ഥിരതാമസക്കാരില്ല. രാമനാഥപുരത്തെ മീന്‍പിടിത്തക്കാരനായ സീനിക്കുപ്പം പടയാച്ചിയുടെ നേതൃത്വത്തില്‍ 1921ല്‍ നിര്‍മിച്ച സെന്‍റ് ആന്‍റണി ചര്‍ച്ച് മാത്രമാണ് ആകെയുള്ള കെട്ടിടം.
രാമനാഥപുരം, പുതുക്കോട്ട, നാഗപട്ടണം തുടങ്ങിയ ജില്ലകളില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ ഇഷ്ടസങ്കേതമാണ് ഇത്. താല്‍ക്കാലിക വിശ്രമത്താവളമായും മീന്‍വലയുണക്കാനുള്ള സ്ഥലമായും ഈ ദ്വീപ് അവര്‍ ഉപയോഗിക്കാറുണ്ടായിരുന്നു.

ചരിത്രം
കച്ചത്തീവ് ദ്വീപ് ലങ്കക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള ഉടമ്പടിയില്‍ 1974ലാണ് ഇന്ത്യ ഒപ്പുവെച്ചത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെയും ഒപ്പുവെച്ച കരാര്‍ പ്രകാരം കച്ചത്തീവ് ശ്രീലങ്കക്ക് വിട്ടുനല്‍കുകയായിരുന്നു. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും തീര്‍ഥാടകര്‍ക്കും ശ്രീലങ്കന്‍ ഗവണ്‍മെന്‍റിന്‍െറ പ്രത്യേകാനുമതികളൊന്നും കൂടാതെ തന്നെ സ്വതന്ത്രമായി കച്ചത്തീവില്‍ പ്രവേശിക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു.
എണ്ണ, പ്രകൃതിവാതകങ്ങള്‍ തുടങ്ങിയവ നിര്‍ദിഷ്ട സമുദ്രാതിര്‍ത്തി കടന്നും വ്യാപിച്ചുകിടക്കുന്നതായി പില്‍ക്കാലത്തു കാണുന്നപക്ഷം ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന് അവയുടെ ഖനനം ഫലപ്രദമായി നിര്‍വഹിക്കാനും അതിന്‍െറ നേട്ടങ്ങള്‍ പങ്കിട്ടനുഭവിക്കാനും കരാര്‍ അനുശാസിക്കുന്നുണ്ട്. കച്ചത്തീവിന്‍െറ പടിഞ്ഞാറെ തീരത്തിന് 1.6 കി.മീ. അകലെയായി, ഇന്ത്യയുടെയും ശ്രീലങ്കയുടെയും സമുദ്രാതിര്‍ത്തി അംഗീകരിക്കപ്പെട്ടു. എന്നാല്‍, പിന്നീട് കാര്യങ്ങള്‍ തലകീഴ്മറിഞ്ഞു.
1975 ജൂണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പാര്‍ലമെന്‍റില്ലാതായി. 1976 ജനുവരിയില്‍ ഇന്ത്യയുടെയും ശ്രീലങ്കയുടെയും വിദേശ സെക്രട്ടറിമാരാണ് പിന്നീട് കച്ചത്തീവ് സംബന്ധിച്ച് ഉടമ്പടി കൈമാറിയത്. അതോടെ വ്യവസ്ഥകള്‍ പലതും ആവിയായി. മുന്‍ ഉടമ്പടിപ്രകാരം ഉണ്ടായിരുന്ന പാരമ്പര്യ മത്സ്യബന്ധനത്തെക്കുറിച്ച് അതില്‍ ഒന്നുംതന്നെ പരാമര്‍ശിച്ചതുമില്ല.
ഇന്ത്യക്ക് അവകാശപ്പെട്ട ചെറുദ്വീപുകള്‍ മറ്റേതെങ്കിലും രാജ്യത്തിനു കൈമാറുകയാണെങ്കില്‍ പാര്‍ലമെന്‍റിന്‍െറ അംഗീകാരം ഉണ്ടായിരിക്കണമെന്ന് 1960ല്‍ സുപ്രീംകോടതി വിധിയുണ്ട്. എന്നാല്‍, കച്ചിത്തീവിന്‍െറ കാര്യത്തില്‍ ഇതുണ്ടായിട്ടില്ളെന്നതും ശ്രദ്ധേയമാണ്.

രാഷ്ട്രീയം
വിജയസാധ്യതകളെല്ലാം അടഞ്ഞുപോയ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കരുണാനിധി കൈയിലെടുത്തത് കച്ചത്തീവായിരുന്നു. ശ്രീലങ്കയില്‍നിന്ന് പഴയ കരാര്‍ റദ്ദാക്കി കച്ചത്തീവ് തിരിച്ചുപിടിക്കണമെന്ന ആവശ്യവുമായി കലൈജ്ഞര്‍ സുപ്രീംകോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ചെയ്തു.
1974ല്‍ ഉഭയകക്ഷി ഉടമ്പടിപ്രകാരം ഇന്ദിര ഗാന്ധി കച്ചത്തീവ് ശ്രീലങ്കക്ക് കൈമാറുമ്പോള്‍ കരുണാനിധിയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി. അന്ന് കരുണാനിധി എതിര്‍ത്തിരുന്നെങ്കില്‍ ഇന്ദിര ഗാന്ധി ആ ഉടമ്പടിയില്‍നിന്ന് പിന്മാറാന്‍ സാധ്യതയുണ്ടായിരുന്നു.
പൊതുജനത്തിന്‍െറ മറവികളാണല്ളോ രാഷ്ട്രീയക്കാരുടെ ഊര്‍ജം.
ജയലളിത സര്‍ക്കാര്‍ ചാകരയറിഞ്ഞ് വലവീശിക്കഴിഞ്ഞിരുന്നു. അവര്‍ 2011ല്‍ സുപ്രീംകോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തതിന്‍െറ തീര്‍പ്പ് ഇനിയും വന്നിട്ടില്ല. കച്ചത്തീവ് ശ്രീലങ്കക്ക് വിട്ടുകൊടുക്കാന്‍ കാരണമായ 1974 ലെയും 1976ലെയും കരാറുകള്‍ ഭരണഘടനാവിരുദ്ധമാണെന്നും അവ റദ്ദാക്കിയതായി പ്രഖ്യാപിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം കൊടുക്കണമെന്നുമാണ് ജയലളിത സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ റിട്ട് പെറ്റീഷനിലെ ഉള്ളടക്കം.
തമിഴ്നാട്ടില്‍നിന്നുള്ള മത്സ്യബന്ധനക്കാര്‍ ഇന്ന് ശ്രീലങ്കയില്‍ നിന്നേറ്റുവാങ്ങുന്ന പീഡനങ്ങള്‍ക്കെല്ലാം കാരണം കച്ചത്തീവ് ഉടമ്പടിയാണ്.
കച്ചത്തീവില്‍ മത്സ്യബന്ധനത്തിനുള്ള ഒൗദ്യോഗിക അനുമതിക്കാണ് അവര്‍ കാത്തിരിക്കുന്നത്. അതല്ലാത്ത നടപടികള്‍കൊണ്ട് കടലിലെ ‘അതിര്‍ത്തി രേഖ’യിലെ വെടിയൊച്ചകള്‍ നിലക്കില്ല. ഈ 45 മിനിറ്റ് സിനിമയുടെ ഒരേയൊരു ചോദ്യം ഇതാണ്:
‘Who knows about civilians?’

ഡോക്യുമെന്‍ററി:

Tag: 

Back to Top