Solidarity Youth Spring 3

ഡിസ്റ്റോപിയയുടെ ചലച്ചിത്രകാലം

ഡോ. ഉമര്‍ തറമേല്‍
ഡയറക്ടര്‍, യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവല്‍-2014

അധികാരത്തിന്റെ ഉദ്ധൃതഫണങ്ങളാല്‍ മൂല്യരഹിതമാവുകയും  പരസ്പരവിശ്വാസവും പ്രത്യാശയും നശിച്ച് ജനജീവിതം ദുസ്സഹമാവുകയും ആശങ്കകളും സംശയങ്ങളും പെരുകി പൊതുസമൂഹം അയുക്തികമായിത്തീരുകയും ചെയ്യുന്ന രാഷ്ട്രീയ- സാമൂഹിക പ്രതിഭാസമാണ് ഡിസ്റ്റോപിയ (Dystopia). സംഘര്‍ഷഭരിതമെങ്കിലും സഹകരണത്തിന്റെയും സഹവര്‍ത്തിത്ത്വത്തിന്റെയും കിനാവുകള്‍ ഉത്പാദിപ്പിക്കുന്ന ആദര്‍ശസമൂഹത്തിന് (ഉട്ടോപിയ) വിപരീതമാണിത്. മനുഷ്യചരിത്രത്തില്‍ ഈ പ്രതിഭാസങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. അതത് കാലത്തെ കലാ-സാംസ്‌കാരിക രൂപങ്ങളില്‍ ഇവയുടെ പ്രതിഫലനങ്ങളുണ്ടാവും. ലക്കും ലഗാനുമില്ലാത്ത അധികാര വാഴ്ചകളാണ് ഡിസ്റ്റോപിയക്ക് കാരണമായിത്തീരുക. അങ്ങനെ നോക്കുമ്പോള്‍ ഇരുണ്ട സ്വപ്നവും ഫലിതവുമായിത്തീര്‍ന്നുകൊണ്ടിരിക്കുന്ന നമ്മുടെ കാലം ഡിസ്റ്റോപിയയുടേതാണെന്നും കാണാം. അവ കര്‍ക്കശമായ സ്വത്വനിര്‍മ്മിതികളെ (ID) ആവശ്യപ്പെട്ടുകൊണ്ടിരിക്കും. ഇതര കലാരൂപങ്ങളെ അപേക്ഷിച്ച് ചലച്ചിത്രകല ഡിസ്‌റ്റോപിയ ആവിഷ്‌കരിക്കുന്നതില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്.
ചലച്ചിത്രം ഇരുതലമൂര്‍ച്ചയുള്ള കലാരൂപമാണെന്ന് ഇര്‍വിന്‍ പാനോസ്‌കി അടിവരയിട്ടിട്ടുണ്ട്. വ്യവസായ മുതലാളിത്തത്തിന്റെ കാലത്താണ് IDയെ കുറിച്ചുള്ള നാഗരിക കല്‍പനകള്‍ മാറുന്നത്. ഭരണകൂടവും പൗരന്മാരും തമ്മിലുള്ള ബന്ധത്തെ കര്‍ക്കശമായ അടയാളങ്ങളിലൂടെ സ്ഥാപിച്ച മുതലാളിത്തവും സര്‍വാധിപത്യ വ്യവസ്ഥയും ഇത്തരം അടയാളങ്ങളുടെ സാമൂഹിക ശ്രേണിയെത്തന്നെ അന്യവല്‍ക്കരണത്തിന്റെ തത്വശാസ്ത്ര വരുതിയിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. വ്യവസായ മുതലാളിത്തത്തിന്റെ സ്ഥാപനവല്‍കൃതമായ ചുറ്റുപാടുകള്‍ ചാര്‍ളി ചാപ്ലിന്റെ 'മോഡേണ്‍ ടൈംസ് ' എന്ന ചലച്ചിത്രം മൂര്‍ത്തമായി അവതരിപ്പിച്ചു. വ്യാവസായിക ഉല്‍പാദനത്തിന്റെ അക്കാലത്തെ മനുഷ്യനും യന്ത്രവും തമ്മിലുള്ള ബന്ധം ഉല്‍പാദനത്തിന്റെ ദുരകളില്‍ തളഞ്ഞുകിടക്കുന്നത് ചാപ്ലിന്‍ നന്നായി ആവിഷ്‌കരിക്കുകയുണ്ടായി. സോവിയറ്റ് യൂണിയന്റെ സര്‍വാധിപത്യത്തിലൂന്നിയുള്ള മനുഷ്യാസ്തിത്വഭീതികളെ കുറിക്കുന്ന ഭാവനാലോകം 1949ല്‍ വിഖ്യാത ഇംഗ്ലീഷ് നോവലിസ്റ്റും ചിന്തകനുമായ ജോര്‍ജ് ഓര്‍വെല്‍ '1984' എന്ന കൃതിയില്‍ പകര്‍ത്തുകയുണ്ടായി. ഈ നോവലിലെ വിന്‍സെന്റ് സ്മിത്ത് എന്ന നായക കഥാപാത്രം 'ഭൂമിയിലെ അവസാനത്തെ മനുഷ്യനാ'ണെന്നുപോലും വിമര്‍ശകര്‍ വിധിയെഴുതി. Big Brother is Watching You എന്ന പ്രയോഗം ദേശം അതിന്റെ പൗരന്മാരെ ഭരണകൂട യുക്തികള്‍കൊണ്ട് ചൊല്‍പ്പടിയില്‍ നിര്‍ത്തുന്നതിന്റെ മെറ്റഫറായിത്തീരുന്നു. ഈ കൃതിക്ക് 1986ലും 1984ലും രണ്ട് ചലച്ചിത്രാവിഷ്‌കാരങ്ങളുണ്ടായി. മിഷേല്‍ ആന്റേഴ്‌സണ്‍, മിഷേല്‍ റെഡ്‌ഫോര്‍ഡ് എന്നിവരായിരുന്നു ചിത്രങ്ങളുടെ സംവിധായകര്‍. പൗരന്മാരെ ശത്രു/ മിത്രം എന്നീ ദ്വന്ദങ്ങളില്‍ തളച്ചിടുന്നതിന്റെ അധികാര സമവാക്യം ഓര്‍വെല്‍ നന്നായി പ്രകാശിപ്പിച്ചു. ഒന്നാംലോക യുദ്ധ സാഹചര്യത്തില്‍ നിന്നും രണ്ടാം ലോക യുദ്ധകാലത്തേക്കെത്തിയപ്പോള്‍ കൊളോണിയലിസം, അണുവായുധത്തെ അധികാരസ്ഥാപനത്തിന് ആയുധമാക്കുന്നതും വ്യവസായാനന്തര മുതലാളിത്തത്തിന്റെ തലസ്ഥാനം യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്ക് മാറുന്നതും നാം കണ്ടു. ശരീരമെന്ന സംവര്‍ഗം അധികാര വ്യവസ്ഥയുടെ ഇരയായി മാറുന്നത് ഈ  രണ്ട് വ്യവസ്ഥകളിലും വിഭിന്ന രീതികളിലാണെന്ന് കാണാം. അദൃശ്യവും പ്രഛന്നവുമായ രീതിയാണ് വ്യവസായാനന്തര മുതലാളിത്തത്തില്‍ പച്ചപിടിച്ച ഇലക്ട്രോണിക് വ്യവസ്ഥ മുന്നോട്ടുവെച്ചത്. അണുവായുധത്തേക്കാള്‍ നൂറിരട്ടി സ്‌ഫോടനാത്മക ശക്തിയുള്ളതാണ് ഇന്‍ഫര്‍മേഷന്‍ ബോംബ് (പോള്‍ വിറിലിയോ) എന്ന നിരീക്ഷണം ID എന്ന സങ്കല്‍പത്തില്‍ ഏറെ മാറ്റങ്ങളുണ്ടാക്കി. ഒളിക്കാമറകളാലും വെബ്‌സൈറ്റുകളാലും (World Wide Web) നിരന്തരം നിരീക്ഷണവിധേയമാക്കാവുന്ന പ്രതീതമായ അടയാളമായി പൗരന്മാരുടെ ശരീരം മാറുകയുണ്ടായി. മറഞ്ഞുനിന്ന് നിയന്ത്രിക്കപ്പെടുന്ന റിമോട്ടുകളുടെ ബിംബങ്ങളായി, ഇലക്ട്രോണിക് അധികാരവ്യവസ്ഥയില്‍ മനുഷ്യശരീരം. ജോര്‍ജ് ഓര്‍വെലിനെ അനുകരിച്ച് ഭരണകൂടമെന്നാല്‍ വലിയ തൂണുകളില്‍ നാട്ടപ്പെട്ട മനുഷ്യ പെരുമാറ്റമില്ലാത്ത ഈ സൗധങ്ങളാണോ (സ്റ്റ്രാറ്റജിക് ഇന്‍സ്റ്റലേഷന്‍) എന്ന് ആനന്ദിനെ പോലുള്ള എഴുത്തുകാര്‍ (മരുഭൂമികള്‍ ഉണ്ടാവുന്നത്) ചോദിക്കുന്നത്, വ്യവസായാനന്തര മുതലാളിത്തത്തിന് മുമ്പുള്ള  അധികാര വ്യവസ്ഥയെക്കുറിച്ചാണ്. തുന്നിയുണ്ടാക്കുന്ന രൂപങ്ങള്‍ പണിതീരുമ്പോള്‍ ഏതുതരം ഭീകരജന്തുവായിട്ടാണ് രൂപംമാറുക എന്ന ആശങ്ക ഭരണകൂടവും പൗരനും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന ഭീതിതമായ മെറ്റഫറായി ആനന്ദ് അവതരിപ്പിക്കുന്നു.
ഭരണകൂടത്തിന്റെ ഒളിനോട്ടങ്ങളെ കുറിച്ച് അതിന്റെ താല്‍പര്യങ്ങള്‍ക്കനുസൃതമായി അവര്‍ക്കുമേല്‍ ഏര്‍പ്പെടുത്തപ്പെടുന്ന നിരന്തര നിരീക്ഷണങ്ങളെ കുറിച്ച് (പൊളിറ്റിക്കല്‍ സര്‍വയലന്‍സ്) ഉള്ള സംവാദ വിവാദങ്ങളാല്‍ ചര്‍ച്ചാ മുഖരിതമാണ് ഇന്ത്യ. ആര്, എപ്പോള്‍, എവിടെ നിന്ന് അപ്രത്യക്ഷമാകണമെന്നും ഏതേത് ജയില്‍മുറകളിലൂടെ ആരൊക്കെ ഇല്ലാതാകണമെന്നും തീരുമാനിക്കുന്നത് ആരാണെന്ന് കൃത്യമായി നിര്‍വചിക്കാന്‍ പറ്റാത്ത തരത്തില്‍ ഇന്ന് രാഷ്ട്രീയ വ്യവസ്ഥ സങ്കീര്‍ണമായിത്തീര്‍ന്നിരിക്കുന്നു. മനുഷ്യനെ കുറിച്ചുള്ള നാനാവിധ സങ്കല്‍പങ്ങള്‍ വെട്ടിച്ചുരുക്കപ്പെടുന്നതും ID എന്ന കേന്ദ്ര പ്രമേയത്തിലേക്ക് മനുഷ്യാസ്തിത്വം ചുരുക്കപ്പെടുന്നതും നമ്മുടെയൊക്കെ ചുറ്റുപാടില്‍ പോലും സര്‍വസാധാരണമായിരിക്കുന്നു. ആഗോളീകരണത്തിന്റെ ഇലക്ട്രോണിക് അധികാര വ്യവസ്ഥയില്‍ ഉപചാരപൂര്‍വമായ അവയുടെ ധര്‍മ്മങ്ങളെ വെറീലിയോ എടുത്തുകാട്ടുന്നത് ഇപ്രകാരമാണ്.  On the one hands the extreme reduction of distances which ensues from the temporal compression of transport and transmission; on the other the current general spread tele surveillance. A new vision of a world that is constantly tele present 24 hours a day, 7 days a week, thanks to the artifices of this ‘trans horizon optics’ which puts one what was previously out of sight display” (The Information Bomb. Page 13).
II
പൗരന്മാര്‍ക്ക് നേരെയുള്ളഭരണകൂടത്തിന്റെ ഒളിനോട്ടങ്ങളും വ്യാജ ഏറ്റുമുട്ടലുകളും ഇന്ത്യയില്‍ ദിനേന കൂടിവരികയാണ്. രണ്ടായിരത്തി രണ്ടിലെ ഗുജറാത്ത് കലാപവും ബെസ്റ്റ് ബേക്കറി സംഭവവും തുടര്‍ന്ന് സംഭവിക്കുന്ന ഇശ്‌റത് ജഹാന്‍ മുതലുള്ള വ്യാജ ഏറ്റുമുട്ടലുകളുടെ പരമ്പരയുടെ മാറിവരുന്ന രാഷ്ട്രീയ സദാചാരവും, പൗരന്മാര്‍ക്ക് നേരെയുള്ള ഭരണകൂടത്തിന്റെ  വിവേചനപരമായ നിയന്ത്രണങ്ങളെയും മറനീക്കി പുറത്തുകാണിക്കുകയുണ്ടായി. നാഗാലാന്റിലും കാശ്മീരിലും സംഭവിച്ചുകൊണ്ടിരിക്കുന്ന പട്ടാള ഇടപെടലുകള്‍ പൗരന്മാരോടുള്ള തുറന്ന യുദ്ധം പോലെയായി. സമൂഹത്തിന്റെ ചാലകശക്തിയായി നിലകൊള്ളുന്ന പൗരസമൂഹത്തോടുള്ള വെല്ലുവിളിയോളം എത്തിനില്‍ക്കുന്നു ഇന്ന് ഭരണകൂടത്തിന്റെ ഇടപെടലുകള്‍. മുഖം നഷ്ടപ്പെട്ട അന്താരാഷ്ട്രീയ നയതന്ത്ര ബന്ധങ്ങളും ദേശീയ രാഷ്ട്രീയത്തിന്റെ ഇച്ഛാശക്തിക്കുമേല്‍ വന്നുഭവിച്ച പോറലുകളും ഇന്ത്യയെപോലുള്ള രാജ്യങ്ങളില്‍ ഫെഡറലിസത്തിനും പ്ലൂരലിസത്തിനും ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നത് പൗരസമൂഹത്തില്‍ അശ്ലീലമാണെന്നിരിക്കെ രാഷ്ട്രം പൗരന്മാര്‍ക്കുമേല്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇത്തരം ഒളിയജണ്ടകള്‍ രാഷ്ട്രീയമായ അശ്ലീലമാണെന്ന് പറയാതെ വയ്യ. ഇത്തരം നിലപാടുകളോട് വിയോജിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകന്മാര്‍ക്ക് നേരെപോലും ഇത്തരം അജണ്ടകള്‍ നടപ്പില്‍ വന്നുകഴിഞ്ഞു എന്നതത്രെ ഇന്നത്തെ ചര്‍ച്ചാവിഷയം. തിരിച്ചറിയല്‍ കാര്‍ഡുകളെ(ID) ചൊല്ലിയുള്ള ആവേശകരമായ ബഹളങ്ങള്‍ നമുക്ക് ചുറ്റും സജീവമാണ്. മറ്റൊന്ന്, ആഗോളഗ്രാമമായിത്തീര്‍ന്ന ഉത്തരാധുനിക സാമൂഹിക രാഷ്ട്രീയ സന്ദര്‍ഭത്തില്‍ ഇലക്ട്രോണിക് വിവര സാങ്കേതിക മുറകളാല്‍ നിയന്ത്രിക്കപ്പെടുന്ന പ്രതിഭാസമാണ്. വന്‍ലോക ശക്തികള്‍ ഇന്ന് ഏറെ ഭയപ്പെടുന്നത് അണുവായുധ കേന്ദ്രങ്ങളേക്കാള്‍ കമ്പ്യൂട്ടര്‍ ഹാക്കര്‍മാരെയാണ്. ആര്, എവിടെ, എങ്ങനെയൊക്കെ മറ്റൊരു ശക്തിയാല്‍ നിരീക്ഷിക്കപ്പെടുന്നതും നിയന്ത്രിക്കപ്പെടുന്നതും തിരിച്ചറിയാന്‍ കഴിയില്ല. വെറിലിയോ, 'ടെലിപ്രസന്റ്' എന്ന പ്രയോഗം കൊണ്ട് ഇതേ പ്രതിഭാസത്തെയാണ് സൂചിപ്പിക്കുന്നത്. അടുത്ത കാലത്ത് വിക്കിലീക്‌സ് പുറത്തുവിട്ട ഭരണകൂടത്തിന്റെ ചാരപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കഥകള്‍ ഓര്‍മിക്കാവുന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഡിസ്റ്റോപിയ എന്ന പ്രതിഭാസം ഉത്തരാധുനിക സാമൂഹ്യ രാഷ്ട്രീയ സന്ദര്‍ഭത്തില്‍ ഏറെ പ്രച്ഛന്നവും അദൃശ്യവുമാണ് എന്നര്‍ഥം.
ഡിസ്റ്റോപിയാകാല മനുഷ്യ യാഥാര്‍ഥ്യത്തെ ചലച്ചിത്രത്തെ പോലെ അതിന്റെ ഉള്ളും പുറവും പകര്‍ത്താവുന്ന ശക്തമായ മാധ്യമവും വേറൊന്നില്ല. ലോകത്താകമാനം അധികാരക്കോട്ടകള്‍ തീര്‍ത്ത ഡിസ്‌റ്റോപിയ പ്രതിഭാസത്തിനെതിരെ ചലച്ചിത്രകല വലിയൊരു പ്രതിരോധവലയം സൃഷ്ടിച്ച ചരിത്രമുണ്ട്. ചലച്ചിത്രം തന്നെ ഒളിനോട്ടത്തിന്റെ (വോയറിസം) കലയാണെന്നിരിക്കെ ഭരണകൂടത്തിന്റെ അജണ്ടകള്‍ നടപ്പാക്കാനും അതുപോലെ അത്തരം അജണ്ടകളുടെയും പീഡനമുറകളുടെയും ആവിഷ്‌കാരങ്ങള്‍ തീര്‍ക്കാനും ചലച്ചിത്രകലയെ ആവിഷ്‌കാരങ്ങള്‍ ഇന്നും പുതിയ തരത്തില്‍ തുടരുന്നു. അധീശത്വ രാജ്യങ്ങളുടെ ചാരപ്രവര്‍ത്തനത്തിന് സഹായകമാകുന്ന തരത്തില്‍ ഹോളിവുഡ് ഒരു ദൃശ്യസംസ്‌കാരം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. അതേസമയം ഹോളിവുഡ് നടപ്പിലാക്കിയ മുതലാളിത്ത പ്രതിലോമ ദൃശ്യസംസ്‌കാരത്തിനെതിരെ ഹോളിവുഡില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും നിരവധി ഉദാത്തമായ ചലച്ചിത്രാവിഷ്‌കാരങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. ഫ്രാന്‍സ്, ജര്‍മനി, പോളണ്ട്, റഷ്യ, നെതര്‍ലാന്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള ചലച്ചിത്രങ്ങള്‍ എടുത്തുപറയാവുന്നവയത്രെ. അതേസമയം ഹോളിവുഡിന്റെയും യൂറോപ്യന്‍ കൊളോണിയല്‍ രാജ്യങ്ങളുടെയും ചലച്ചിത്ര സമീപനങ്ങള്‍ക്കും സങ്കേതങ്ങള്‍ക്കുമെതിരെ പുതിയ ആവിഷ്‌കാര മുറയും പരിചരണരീതിയും കൊണ്ടുവരാനുള്ള ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ധൈഷണിക സമീപനവും എടുത്തുപറയേണ്ടതുണ്ട്. ഡിസ്റ്റോപിയന്‍ യാഥാര്‍ഥ്യങ്ങളെ ഏറ്റവു ശക്തമായി പകര്‍ത്തിക്കാട്ടിയ ലാറ്റിനമേരിക്കന്‍ സിനിമകളെയും തുര്‍ക്കിയില്‍ നിന്നുള്ള സിനിമകളെയും ഇത്തരുണത്തില്‍ ഓര്‍മ്മിക്കേണ്ടതുണ്ട്. ചിലിയന്‍ സംവിധായകനായ ഗ്ലോബേര്‍ റോഷ, തന്റെ 'ഏയ്ജ് ഓഫ് എര്‍ത്ത്' പ്രദര്‍ശിപ്പിച്ചുകൊണ്ട് കാണികളെ സംബോധന ചെയ്തത് ഇങ്ങനെയാണ്: 'ഞങ്ങളെ സംബന്ധച്ചിടത്തോളം കാമറ ലോകത്തിലേക്ക് തുറന്നുവെച്ച കണ്ണാണ്. യാത്രകള്‍ മനസ്സിലാക്കാനുള്ള വഴികളാണ്. എഡിറ്റിങ് വെറും വെട്ടി ഒട്ടിക്കലല്ല, സാമൂഹിക യാഥാര്‍ഥ്യങ്ങളുമായുള്ള ഞങ്ങളുടെ സംവാദത്തിനിടയിലെ അവസാനവട്ട തിരുത്തലുകളാണ്.'
തുര്‍ക്കിയില്‍ യില്‍മാസ് ഗുനേ എന്ന വിഖ്യാത ചലച്ചിത്രകാരന്‍ രാഷ്ട്രീയ പീഡനങ്ങളുടെ ചലച്ചിത്രാവിഷ്‌കാരങ്ങള്‍ നടത്തിയതിന്റെ ഫലമായി ദീര്‍ഘകാലം തുറുങ്കിലടക്കപ്പെട്ട കലാകാരനാണ്. തന്റെ പ്രശസ്തമായ 'യോള്‍' (1982) എന്ന സിനിമയ്ക്ക് ജയിലിലിരുന്നാണ് അദ്ദേഹം തിരക്കഥ എഴുതിയത്. 'ദി വോള്‍'  (1983) എന്ന സിനിമ ഒരു പക്ഷെ, രാഷ്ട്രീയ ജയില്‍ വാസത്തിനും അവിടുത്തെ പീഡനമുറകള്‍ക്കും ദുഷ്‌കരമായ ആവിഷ്‌കാരം നല്‍കിയ ഒന്നാണെന്ന് പറയാം. കമ്യുവിന്റെയും കാഫ്കയുടെയും ഇരുണ്ട രാഷ്ട്രീയ ലോകത്തെക്കുറിച്ചുള്ള ഡിസ്‌റ്റോപിയന്‍ ഷോട്ടുകള്‍, ഗുനേയുടെ ചലച്ചിത്ര തത്വശാസ്ത്രത്തിന്റെ നിഴലായിട്ടുണ്ട്. 1980കളിലെ പട്ടാള അട്ടിമറി തുര്‍ക്കിയുടെ രാഷ്ട്രീയ ചരിത്രത്തില്‍ കറുത്ത അധ്യായങ്ങളായിരുന്നു. വര്‍ഗരഹിതമായ രാഷ്ട്രീയ തുര്‍ക്കിയില്‍ വര്‍ഗവൈരുദ്ധ്യമുണ്ടെന്ന് സ്ഥാപിക്കാന്‍ യില്‍മാസ് ഗുനേ ബോധപൂര്‍വം ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിനെതിരെയുള്ള അധികാരികളുടെ വിമര്‍ശനം. ഇങ്ങനെയെത്ര ചലച്ചിത്രകാരന്മാര്‍.
III
പ്രതീതി യാഥാര്‍ഥ്യങ്ങള്‍ക്കും അവയുടെ ദൃശ്യ- ബിംബ സംസ്‌കാരത്തിനും പ്രാമുഖ്യമുള്ള കണ്‍സ്യൂമര്‍ വ്യവസ്ഥിതി വാഴുന്ന നമ്മുടെ കാലത്ത് ഭരണക്രമങ്ങള്‍ തീരുമാനിക്കുന്നത് കോര്‍പറേറ്റുകളാണ്. അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ തരത്തില്‍ ഭരണകൂടങ്ങള്‍ അതിന്റെ നിയമസാധ്യത സ്ഥാപിച്ചെടുക്കുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. പതിനാറാമത് ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏതാണ്ട് മുപ്പത് ശതമാനത്തോളം വരുന്ന സ്ഥാനാര്‍ഥികള്‍ ക്രിമിനലുകളും വിദേശകോര്‍പറേറ്റുകളുമായി നേരിട്ട് ബന്ധമുള്ളവരുമാണെന്ന വാര്‍ത്തകള്‍ പ്രമുഖ ദേശീയ വാര്‍ത്താ മാധ്യമങ്ങള്‍ പുറത്തുവിടുകയുണ്ടായി. 2002ല്‍ നടന്ന ഗുജറാത്ത് കലാപവും അതിനു ശേഷം പ്രഖ്യാപിക്കപ്പെട്ട വികസന സമീപനങ്ങളും കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങളെകൂടി വകവെച്ചുകൊണ്ടുള്ളതായിരുന്നു എന്ന വാര്‍ത്ത ഇന്ന് പുതുമയുള്ള ഒന്നല്ല. പ്രത്യയശാസ്ത്രം വലതായാലും ഇടതായാലും കോര്‍പറേറ്റുകളുടെ സമീപനങ്ങളോട് അവര്‍ക്കുള്ള ബന്ധം സമകാലിക രാഷ്ട്രീയത്തിന്റെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഭരണകൂട ഭീകരതയുടെ അര്‍ഥങ്ങള്‍ ഇന്ന് ഏറെ വൈപുല്യമാര്‍ന്നതാണ്. നവ മുതലാളിത്തത്തിന്റെ നീരാളിപ്പിടുത്തം അതിന്റെ ദുരയെ മൂന്നാം ലോക രാജ്യങ്ങളിലേക്ക് വാരിവിതറുന്നിടത്താണ് ഭരണകൂടത്തിന്റെ ഒളിനോട്ടങ്ങളും പൗരന്മാര്‍ക്ക് നേരെയുള്ള നിയന്ത്രണങ്ങളും പുതിയ അര്‍ഥങ്ങള്‍ തേടുന്നത്. തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് അമിതമായ നിഷ്‌കര്‍ഷതകള്‍ ഉണ്ടാകുന്നതിന്റെ സാഹചര്യം പുതിയതരം ആലോചനകള്‍ ആവശ്യപ്പെടുന്നു. പ്രകൃതിയും അതിന്റെ വിഭവങ്ങളും വിപണനമൂല്യം നേടുന്നത് നടേ പറഞ്ഞ കോര്‍പറേറ്റുകളുടെ അകമ്പടിയോടെയാണെന്നിരിക്കെ ദലിത്, സ്ത്രീ, പിന്നാക്ക മതസമുദായങ്ങള്‍, ജാതിസമുദായങ്ങള്‍, നാടോടികള്‍ എന്നിവര്‍ക്കവകാശപ്പെട്ട ഭൂമിയും വിഭവങ്ങളും തട്ടിയെടുക്കപ്പെടുന്ന സമ്പദ് പ്രത്യയശാസ്ത്രം ഇന്ത്യയിലെമ്പാടുമുണ്ട്. 'മത ജാതി രാഷ്ട്രീയ തീവ്രവാദം' എന്ന നിര്‍മിതമായ പരികല്‍പനകള്‍ക്ക് ഈ സാഹചര്യത്തില്‍ വേറിട്ട അര്‍ഥങ്ങളുണ്ടാകുന്നു. ഭരണകൂടത്തിന്റെ നിരന്തര നോട്ടങ്ങള്‍ക്ക് ഇത്തരക്കാര്‍ കാരണഭൂതരായിത്തീരുകയും ചെയ്യുന്നു. ഇത്തരമൊരു രാഷ്ട്രീയ- സാമൂഹിക പശ്ചാത്തലത്തിലാണ് സോളിഡാരിറ്റി അതിന്റെ യൂത്ത് സ്പ്രിംങ് ചലചിത്രോത്സവത്തിന്റെ ഫോക്കസായി 'ലൈഫ് അണ്ടര്‍ സര്‍വയലന്‍സ്' എന്ന വിഷയം മുന്നോട്ട് വെക്കുന്നത്. യൂത്ത് സ്പ്രിംങിന്റെ ഈ ചലച്ചിത്ര കാര്‍ണിവല്‍ ഇന്ത്യയിലെ പേരെടുത്ത രണ്ട് ചലച്ചിത്രപ്രതിഭകളുടെ സാന്നിധ്യംകൊണ്ട് അനുഗൃഹീതമാണ്. 'ഫൈനല്‍ സൊല്യൂഷന്‍' എന്ന ചലച്ചിത്രത്തിലൂടെ വംശഹത്യയുടെ ഭരണകൂട മനശ്ശാസ്ത്രം തുറന്നുകാട്ടിയ രാകേഷ് ശര്‍മയാണ് ഈ ഫെസ്റ്റിവലിന് തിരികൊളുത്തുന്നത്.  2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള 'ഫൈനല്‍ സൊല്യൂഷന്‍' മേളയിലെ മുഖ്യ ചിത്രങ്ങളിലൊന്നാണ്. വെറുപ്പിന്റെ തത്വശാസ്ത്രം രാഷ്ട്രീയമായ ഫലംകൊള്ളുമ്പോള്‍ ഗെറ്റോകള്‍ രൂപപ്പെടുന്നു എന്ന പ്രത്യക്ഷ ദര്‍ശനം വംശഹത്യയെക്കുറിച്ചുള്ള ഈ സിനിമ കാണികള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്നു. ഈ സിനിമക്ക് പ്രദര്‍ശനാനുമതി ലഭിച്ചതു തന്നെ ചിത്രം പിറന്ന് മാസങ്ങള്‍ക്ക് ശേഷമാണ്. പലയിടത്തും സിനിമ നിരോധിക്കാനുള്ള നീക്കമുണ്ടായി. മുംബൈ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കാതെ ഫിലിം തിരിച്ചയച്ചു. ആര്‍.പി. അമുദന്‍ എന്ന ചലചിത്ര പ്രതിഭയും ആക്ടിവിസ്റ്റുമാണ് പേരെടുത്ത മറ്റൊരാള്‍. നീതിക്കുവേണ്ടിയുള്ള സമരത്തില്‍ മധ്യമാര്‍ഗമില്ല എന്ന് വിശ്വസിക്കുന്ന ഈ കലാകാരന്‍ സമൂഹത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്നവരുടെ കഠിനമായ യാതനകള്‍ക്കുള്ളിലെ അധികാര കുരുക്കുകളെ സമര്‍ഥമായി അവതരിപ്പിക്കുന്നു. അമുദന്റെ മൂന്ന് ചിത്രളടങ്ങിയ റെട്രോസ്‌പെക്ടീവ് ഈ മേളയിലെ ശ്രദ്ധേയമായ ഒരിനമാണ്. ഡയരക്ടര്‍ പാക്കേജ് ഇനത്തില്‍ ഉള്‍പെടുന്ന മൂന്ന് സിനിമകള്‍ മൂന്ന് തരത്തില്‍ ശ്രദ്ധേയമാണ്. 'നാഗാ സ്റ്റോറി', നാഗാലാന്റിലെ ജനതയ്ക്ക് നേരെയുള്ള പട്ടാള ക്രൂരതകളുടെ കഥ പറയുന്നു. ജോഷി ജോസഫിന്റെ 'വണ്‍ഡേ ഫ്രം എ ഹാങ് മാന്‍സ് ലൈഫ്' എന്ന വിഖ്യാത ഡോക്യുമെന്ററിയുടെ സിനിമാറ്റോഗ്രഫി അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ റസാഖ് കോട്ടക്കലിന്റെതാണ് എന്ന നിലക്ക് ഒരു മഹാകലാകാരന്റെ പേരിലുള്ള ശ്രദ്ധാഞ്ജലി കൂടിയായിരിക്കുമത്. ഭരണകൂടത്തിന്റെ വിലക്കുകളാല്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഇറാന്‍ ചലചിത്ര സംവിധായകന്‍ ജാഫര്‍ പനാഹിയുടെ 'ക്ലോസ്ഡ് കര്‍ട്ടണ്‍' വീട്ടുതടങ്കലിലിരുന്ന് ചെയ്‌തെടുത്ത ഒരു അസാധാരണ കലാസൃഷ്ടിയാണ്. പ്രത്യേക പരിചരണവും ഫാന്റസിയും കൊണ്ട് ഭരണകൂടത്തിന്റെ ഒളിനോട്ടങ്ങളെ വിമര്‍ശിക്കുന്ന ഒരു ചലചിത്ര പാരഡിയാണ് അതെന്ന് പറയാം. മൂന്ന് ദിവസങ്ങളിലായി യൂത്ത് സ്പ്രിങ് തീം, റെട്രോസ്‌പെക്ടീവ്, ഡയരക്ടേഴ്‌സ് പാക്കേജ്, കൊളാഷ്, ഡോക്യുമെന്ററി, ഹ്രസ്വ ചിത്രങ്ങള്‍, മ്യൂസിക് വീഡിയോ, അനിമേഷന്‍ എന്നീ ഇനങ്ങളിലായി എണ്‍പത്തഞ്ചോളം സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്. സമകാലീന മനുഷ്യജീവിത യാഥാര്‍ഥ്യങ്ങളെ പല മട്ടിലും ആവിഷ്‌കരിക്കുന്നവയാണിവ എന്നതില്‍ സംശയമില്ല. സ്ത്രീകള്‍ സാക്ഷാത്കരിച്ച പതിനഞ്ചോളം സിനിമകള്‍, സ്ത്രീ ഭാഷയെ ആവിഷ്‌കരിക്കുന്ന പരിചരണ രീതികള്‍ തുടങ്ങിയവകൊണ്ട് പുതുമയുള്ളതായിരിക്കും ഈ മേള. ഇന്ത്യക്കകത്തും പുറത്തുമുള്ള എണ്ണപ്പെട്ട സിനിമകള്‍കൊണ്ട് സമ്പന്നമാണീ ചലച്ചിത്രോത്സവം; ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യ വിമുഖമായ യാഥാര്‍ഥ്യങ്ങളുടെ ഡിസ്‌റ്റോപിയ, ജീവിതത്തെ അതിന്റെ സംഘര്‍ഷങ്ങളെ ഒപ്പിയെടുത്തുകൊണ്ട് മൂന്നാം കണ്ണുകള്‍ തുറക്കുന്നതിന്റെ അടയാളമായിരിക്കും ഈ മേള. വികാരവും വിചാരവും ധിഷണയുമുള്ള ഒരു കലാകാരന്‍ കാമറയോടൊപ്പമുണ്ടെങ്കില്‍ അത് കേവലം കൗതുക വസ്തുവല്ലെന്നും നേരിനെ തുറന്നുകാണിക്കാന്‍ പോന്ന ജീവ വസ്തുവാണെന്നുമുള്ള സത്യം വെളിപ്പെടുത്തുന്നതായിരിക്കും ഈ കാര്‍ണിവല്‍. കേരളത്തിലെ സമാന്തര ചലച്ചിത്രമേളകളായ പാഞ്ചജന്യം, വിബ്ജിയോര്‍, സൈന്‍ തുടങ്ങിയവക്കൊപ്പം യൂത്ത് സ്പ്രിംങ് ചലച്ചിത്രമേളക്ക് നമ്മുടെ ചരിത്രത്തില്‍ നാഴികക്കല്ലായിത്തീരാന്‍ കഴിയുമെന്ന പ്രത്യാശയോടെ, പ്രാര്‍ഥനയോടെ,
ഡോ. ഉമര്‍ തറമേല്‍
ഡയറക്ടര്‍, യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവല്‍-2014

Tag: 

Back to Top